കണ്ണൂർ: ( www.panoornews.in ) പട്ടാപ്പകൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ സിപിഎം നഗരസഭാ കൗൺസിലർ പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് നഗരസഭ പാലാപ്പറമ്പ് വാർഡ് കൗൺസിലർ പി.പി.രാജേഷിനെയാണു പൊലീസ് അറസ്റ്റു ചെയ്തത്.


വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവൻ മാല കവർന്നത്. വീടിനരികെ നിന്നു മീൻ മുറിക്കുന്നതിനിടെ, സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജാനകിയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം ജാനകിയുടെ കയ്യിലായി. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലംവിട്ടിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറിൽ പോകുന്ന മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തി. നമ്പർ പ്ലേറ്റ് മറച്ച സ്കൂട്ടറിൽ പോകുന്ന കറുത്ത ഷർട്ടും പാന്റും ധരിച്ചയാളുടെ ചിത്രമാണ് പൊലീസിന് ലഭിച്ചത്. കൂടുതൽ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിനു പിന്നാലെയാണ് പ്രതി നഗരസഭ കൗൺസിലറാണെന്നു തെളിഞ്ഞതും അറസ്റ്റു ചെയ്തതും.
One and a half twist; CPM councilor arrested for breaking an elderly woman's necklace while fishing in Koothuparamba
